ജനകീയ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി ‘സത്യഗ്രഹ വെബ്‌സൈറ്റ്’ ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വിഷയങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളും പോരാട്ടങ്ങളും അപ്പപ്പോൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ പങ്കുവെക്കുന്നതിനുമായി ‘സത്യഗ്രഹ വെബ്‌സൈറ്റ്’ (Satyagraha Platform) തുറന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അവകാശങ്ങൾക്കായി പോരാടുന്ന പ്രതിഷേധക്കാർക്ക് തങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ വിശദ വിവരങ്ങൾ പ്ലാറ്റ്‌ഫോമിൽ നൽകാനും, അതേ വിഷയത്തിൽ രാജ്യത്ത് മറ്റെവിടെയൊക്കെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്ന് തത്സമയം മനസ്സിലാക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും.

രാജ്യത്തുടനീളം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവർ പലപ്പോഴും ഒറ്റപ്പെട്ടാണ് പോരാട്ടം നടത്തുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ജെൻ-സി (Gen-Z) വിഭാഗത്തിൽപ്പെട്ട യുവാക്കൾ, വിദ്യാർത്ഥികൾ, കർഷകർ, ആദിവാസികൾ, ദളിതർ, വനിതകൾ തുടങ്ങിയവർ വ്യത്യസ്ത സ്ഥലങ്ങളിൽ ഒറ്റപ്പെട്ട് നടത്തുന്ന സമരങ്ങളിൽ അവരുടെ ശബ്ദം പലപ്പോഴും കേൾക്കാതെ പോകുകയും എളുപ്പത്തിൽ അടിച്ചമർത്തപ്പെടുകയും ചെയ്യുകയാണ് പതിവ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഉയർന്നുവരുന്ന ഇത്തരം പ്രതിഷേധ ശബ്ദങ്ങളെല്ലാം ഒന്നിച്ച് ഒരിടത്ത് എത്തിക്കാനും ശക്തമായ ഒരു ജനകീയ ശൃംഖല രൂപീകരിക്കാനുമുള്ള ഉദ്യമമാണ് ‘സത്യഗ്രഹ പ്ലാറ്റ്‌ഫോമെന്നും’ രാഹുൽ ഗാന്ധി വിശദീകരിച്ചു.

നീതിക്കായി പോരാടുന്നവർക്ക് പരസ്പരം ബന്ധപ്പെടാനും പിന്തുണ നൽകാനും ഈ പ്ലാറ്റ്‌ഫോം വഴിയൊരുക്കും. പ്രക്ഷോഭങ്ങളുടെ ഏകോപനം വഴി സാധാരണക്കാരുടെ ആവശ്യങ്ങൾ പാർലമെന്റിലും പൊതുസമൂഹത്തിലും കൂടുതൽ ശക്തിയോടെ ഉന്നയിക്കാൻ കഴിയുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles