സൗദിയിൽ പുതിയ വിസക്കാർക്കും ഒപ്പം കുടുംബത്തെ കൊണ്ടു വരാം; പുതിയ ആനുകൂല്യം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസയിൽ എത്തുന്ന പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കൂടി രാജ്യത്തേക്ക് കൊണ്ടു വരാൻ സാധിക്കുന്ന വൻ ഇളവുകൾ പ്രഖ്യാപിച്ചു. പ്രവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രാലയവും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് സൗകര്യപ്രദമായ പുതിയ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവന്നത്.

പുതിയ ഉത്തരവ് പ്രകാരം, നിർദ്ദിഷ്ട യോഗ്യതകളുള്ള തൊഴിൽ വിസ ഉടമയുടെ വിസാ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം തന്നെ വ്യവസ്ഥകൾ പാലിക്കുന്ന കുടുംബാംഗങ്ങൾക്ക് രാജ്യത്തേക്കുള്ള എൻട്രി വിസയും സ്വന്തമാക്കാം. പ്രവാസിയായ കുടുംബനാഥൻ്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, 25 വയസ്സിൽ താഴെയുള്ള കുട്ടികൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരാണ് ഈ എൻട്രി വിസ ആനുകൂല്യത്തിന് അർഹരായവർ. സൗദിയിലെത്തിയ ശേഷം ചട്ടങ്ങൾ പാലിച്ചുകൊണ്ട് കുടുംബാംഗങ്ങളുടെ താമസമനുമതി (ഇഖാമ/റെസിഡൻസി) നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

നേരത്തെ, ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പോലും രാജ്യത്ത് ആദ്യമായി എത്തുമ്പോൾ കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. സൗദിയിൽ എത്തി ഇഖാമ ലഭ്യമായ ശേഷം മാത്രമായിരുന്നു ഫാമിലി വിസയ്ക്കുള്ള അപേക്ഷ സമർപ്പിക്കാൻ അനുവാദമുണ്ടായിരുന്നത്. എന്നാൽ നിലവിലെ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ, കുടുംബനാഥന് രാജ്യത്തേക്ക് വരുന്ന അതേ സമയത്തുതന്നെ യോഗ്യരായ കുടുംബാംഗങ്ങൾക്കും എൻട്രി വിസ എടുത്ത് ഒന്നിച്ച് സൗദിയിലേക്ക് വരാൻ സാധിക്കും.

Related Articles

- Advertisement -spot_img

Latest Articles