റിയാദ്: കഴിഞ്ഞ 25 വർഷമായി പ്രവാസിയായ തിരുവനന്തപുരം മടത്തറ കൊച്ചുകലുങ്ക് സ്വദേശി ഫയാസ് മൻസിലിൽ മുഹമ്മദ് ഹസ്സൈൻ (47) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ 10 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
നെഞ്ചുവേദനയെ തുടർന്ന് ഡോക്ടറെ കാണാൻ അപ്പോയിന്റ്മെന്റ് ലഭിച്ച് ക്ലിനിക്കിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെ തിങ്കളാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഹമ്മദ് സുബൈർ – ഷഹർബാൻ ദമ്പതികളുടെ മകനാണ്. ഷൈജയാണ് ഭാര്യ; വിദ്യാർത്ഥികളായ ഫായിസ് മോൻ, ഫിദ ഫാത്തിമ എന്നിവരാണ് മക്കൾ. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, നവാസ്ഖാൻ ബീമാപള്ളി, ഷറഫു പുളിക്കൽ, നസീർ കണ്ണീരി എന്നിവരും ബന്ധുവായ നാഷിം കൊച്ചുകലുങ്കും രംഗത്തുണ്ട്.



