ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെയും രാജ്യതലസ്ഥാനത്ത് സമരം കടുക്കുന്നു. എസ്.എഫ്.ഐ (SFI), ഡി.വൈ.എഫ്.ഐ (DYFI) എന്നീ ഇടത് വിദ്യാർത്ഥി-യുവജന സംഘടനകളുടെ അടിയന്തര ആഹ്വാനത്തിൽ ഫിറോസ് ഷാ റോഡിൽ നിന്ന് ആരംഭിച്ച സംയുക്ത പ്രതിഷേധ മാർച്ച് ഡൽഹിയെ വീണ്ടും സമരച്ചൂളയിലാക്കി.
എം.പിമാരായ എ.എ. റഹീം, ഡോ. വി. ശിവദാസൻ, നേതാക്കളായ എം.വി. നികേഷ് കുമാർ, ജെയ്ക്ക് സി. തോമസ്, ആദർശ് എം. സജി തുടങ്ങിയവർ സമരത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകി. ഫിറോസ് ഷാ റോഡിൽ നിന്നും ആരംഭിച്ച മാർച്ച് ജന്തർ മന്തറിലേക്ക് കുതിച്ചെത്തിയതോടെ വൻ പൊലീസ് സന്നാഹം ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. ഇതോടെ സഖാക്കളും യുവജന നേതാക്കളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പ്രതിഷേധക്കാർ സമരം അവസാനിപ്പിക്കാതെ മുന്നോട്ട് നീങ്ങി.
വോട്ടർപട്ടിക തിരുത്തലിന്റെ (SIR) പേരിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുകയും, ആയിരക്കണക്കിന് സാധാരണക്കാരായ പൗരന്മാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട പോക്കിനെതിരെ കടുത്ത വിയോജിപ്പാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശം ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡൽഹി തെരുവിൽ വരും ദിവസങ്ങളിലും സമരം ശക്തമായി തുടരുമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി.



