ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി മലയാളി വിദ്യാർഥിനി. കോഴിക്കോട് പുല്ലാളൂർ സ്വദേശിനിയും ഡൽഹി സർവകലാശാല നിയമ വിദ്യാർത്ഥിനിയും എൻ.എസ്.യു പ്രവർത്തകയുമായ ആതിര വിജയനാണ് ഡൽഹി പൊലീസിന്റെ വേട്ടയാടലിനും ക്രൂരതയ്ക്കും ഇരയായത്. കൊണാട്ട് പ്ലേസിൽ നടന്ന എൻ.എസ്.യു മിന്നൽ പ്രതിഷേധത്തിനിടയിൽ കസ്റ്റഡിയിലെടുത്ത ആതിരയെ പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ആതിര ഡൽഹി ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്താണ് ആതിര താൻ നേരിട്ട ദുരിതങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചത്. മനുഷ്യരായി പോലും പരിഗണിക്കാതെയാണ് പൊലീസ് തന്നെയും മറ്റ് വിദ്യാർത്ഥികളെയും മർദ്ദിച്ചതെന്ന് ആതിര പറഞ്ഞു. സി.സി.ടി.വി കാമറകൾ ഇല്ലാത്ത ഭാഗത്തേക്ക് മാറ്റിയ ശേഷം വനിതാ കോൺസ്റ്റബിൾമാരെ ഉപയോഗിച്ച് തോന്നിയപോലെ മർദ്ദിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകുകയായിരുന്നു. മുഖത്ത് തുടർച്ചയായി ഇടിക്കുകയും രണ്ട് കവിളുകളിലും മാറി മാറി അടിക്കുകയും ചെയ്തു. വേദനിച്ച് കരഞ്ഞ് കാലിൽ വീണ് അപേക്ഷിച്ചിട്ടും നെഞ്ചിലും അടിവയറ്റിലും സ്വകാര്യ ഭാഗങ്ങളിലും പൊലീസുകാർ ക്രൂരമായി ചവിട്ടിയതായി ആതിര വ്യക്തമാക്കി.
പോലീസിന്റെ ക്രൂരമായ മർദ്ദനത്തിന്റെ ആഘാതത്തിൽ ആതിരയ്ക്ക് ഒരു ചെവിയുടെ കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെട്ടതായി രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചു. വിദ്യാർഥികൾ നേരിട്ട അതിക്രമങ്ങൾ വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പങ്കുവെച്ചത്. കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും ഈ ഫാസിസ്റ്റ് നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യവും വിദ്യാർത്ഥി സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.



