ന്യൂഡൽഹി: രാജ്യത്തുടനീളം ലക്ഷക്കണക്കിന് വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കിയെന്ന ആക്ഷേപമുയർന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി നോട്ടീസയച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ‘ഇൻഡ്യ’ മുന്നണി നേതാക്കളുടെയും സംയുക്ത ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ചീഫ് ഇലക്ഷൻ കമീഷണർക്ക് പുറമെ തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും കോടതി വിഷയത്തിൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരെ വ്യാപകമായി നീക്കം ചെയ്തുവെന്നും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകർത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ദ്ധരെയും പ്രമുഖ പൗരന്മാരെയും ഉൾപ്പെടുത്തി ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നും, ഒഴിവാക്കപ്പെട്ട പേരുകളുടെയും വരുത്തിയ മാറ്റങ്ങളുടെയും കൃത്യമായ ഓഡിറ്റ് നിശ്ചിത സമയപരിധിക്കുള്ളിൽ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കോടതി വിഷയത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതുവരെ നിലവിൽ പുരോഗമിക്കുന്ന എസ്.ഐ.ആർ നടപടികൾ മരവിപ്പിക്കണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ഡൽഹിയിൽ സി.ഇ.സി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിന് പിന്നാലെയാണ് വിഷയം നിയമപോരാട്ടമായി സുപ്രീംകോടതിയിലെത്തിയത്.



