ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി വിപുലീകരിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചുവരുന്ന അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും നിയമിച്ചത്. നാട്ടിലേക്ക് മടങ്ങിയവരും തൊഴിൽ ആവശ്യങ്ങൾക്കായി മറ്റു പ്രവിശ്യകളിലേക്ക് മാറിയവരുമായ അംഗങ്ങളുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങൾ നടത്തിയത്. പ്രസിഡന്റ് സൈഫുദ്ധീൻ വാഴയിലിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് കമ്മിറ്റി വിപുലീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതിനും അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് വിപുലീകരണം.
ചടങ്ങിനോടനുബന്ധിച്ച്, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി ഗഫൂർ വണ്ടൂരിന് എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് സ്നേഹാദരവോടെ ഉപഹാരം കൈമാറി. ഒ.ഐ.സി.സി പ്രസ്ഥാനത്തിനും പ്രത്യേകിച്ച് നോർക്ക പ്രവാസി സേവന കേന്ദ്രത്തിനും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾ യോഗത്തിൽ പ്രശംസയോടെ സ്മരിച്ചു. പുതിയ ഭാരവാഹികളായി ഉസ്മാൻ കുണ്ടുകവിൽ, കമാൽ കൊടേൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, റിയാസ് വി.പി., ഫസലുള്ള പേരോർ എന്നിവരെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. സിദ്ദിഖ് പുല്ലങ്കാട്, മുഹമ്മദ് ഓമാനൂർ, സൽമാൻ ലോക്കാട്, ഷെരീഫ് കെ.സി., നൗഷാദ് കരികുന്ന്, ശംസുദ്ധീൻ മേലാറ്റൂർ, അനസ് തുവൂർ, ഷബീർ കല്ലായി എന്നിവരെ പുതിയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഇതിനുപുറമെ നവാബ് മേലാറ്റൂർ, അബ്ദുസലാം പെരുവള്ളൂർ, നാദിർഷ മലപ്പുറം, ഷൗക്കത്ത് പുഴക്കാട്ടിരി, ഉമ്മർ കാരകുന്ന്, സമീർ കല്ലിടുംമ്പൻ, ജാബിർ മഞ്ഞൾപാറ, ബഷീർ കെരെ, അക്ബർ കൊടുങ്ങല്ലൂർ, മുനീർ ബാംഗലത്ത്, മുഹ്സിൻ മൂലത്തടം, നബീൽ ലാക്കൽ, ജാഫർ സി.പി. പെരുവള്ളൂർ, സഹീർ സി.സി., സമീർ സി.സി., ജുനൈദ് പട്ടർകുളം, നിസ്നു ഹുസൈൻ, അദ്നാൻ സി.പി. എന്നിവരെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി മലയാളികൾക്കിടയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും കോൺഗ്രസ് ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും കമ്മിറ്റി മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.



