ന്യൂഡൽഹി: ഡൽഹിയുടെ ഹൃദയഭാഗവും പ്രധാന വ്യാപാര കേന്ദ്രവുമായ കൊണാട്ട് പ്ലേസ് (സി.പി) ഇപ്പോൾ രാജ്യതലസ്ഥാനത്തെ എസ്.ഐ.ആർ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായി മാറി. സ്ഥിര സമര കേന്ദ്രമായിരുന്ന ജന്തർമന്തർ കൊട്ടിയടച്ചതോടെയാണ് പ്രക്ഷോഭങ്ങൾ ഒരു കിലോമീറ്ററിലധികം അകലെയുള്ള കൊണാട്ട് പ്ലേസിലേക്ക് വഴിമാറിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മിന്നൽ സമരങ്ങളിൽ ഭൂരിഭാഗവും സി.പി കേന്ദ്രീകരിച്ചായിരുന്നു. കനത്ത മഴ അവഗണിച്ച് സി.പി സർക്കിളിലൂടെ സി.പി.ഐ യുവജന, വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ ദേശീയ പതാകയുമായി ‘തിരംഗ യാത്ര’ നടത്തി. വെള്ളിയാഴ്ച സി.ജെ.പി പ്രഖ്യാപിച്ച പ്രകടനവും ഇവിടെയാണ് നടക്കുന്നത്. ഈ പ്രതിഷേധം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയെങ്കിലും സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ ഡൽഹിയിലെ ഏത് സമരങ്ങളും ജന്തർമന്തറിൽ ഒതുങ്ങുമായിരുന്നുവെങ്കിൽ, അവിടത്തെ വിലക്ക് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി പ്രധാന റോഡുകൾ സംഗമിക്കുന്ന സർക്കിളും യെല്ലോ, ബ്ലൂ ലൈൻ മെട്രോകൾ ബന്ധിപ്പിക്കുന്ന ജങ്ഷനും ആയതിനാൽ ആളുകൾക്ക് ഇവിടെ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. സമരക്കാർക്ക് നേരെ മുൻപ് നടന്ന പൊലീസിന്റെ അതിക്രമങ്ങൾ കൂടുതലും ഈ മേഖലയിൽ നിന്നായിരുന്നു. ജോൺ ബ്രിട്ടാസ് അടക്കമുള്ള ജനപ്രതിനിധികളെയും മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകരെയും ഇവിടെ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ സുപ്രീംകോടതി മാർച്ച് സി.പിയിലേക്കാണ് എത്തിയത്. ജന്തർമന്തറിലെ വിലക്ക് നീക്കാത്തിടത്തോളം കാലം കൊണാട്ട് പ്ലേസ് സമരച്ചൂടിൽ നിന്ന് മോചിതമാകാൻ സാധ്യതയില്ല.
ഇതിനിടെ, സി.ജെ.പിയുടെ ആഭിമുഖ്യത്തിലുള്ള ‘ലെഹ്രാ ദോ തിരങ്ക’ (ത്രിവർണപതാക പറപ്പിക്കൽ) റാലിക്ക് മുംബൈ പൊലീസ് അനുമതി നൽകി. ഡൽഹിയിലെ ജന്തർമന്തറിൽ കടന്ന് ത്രിവർണ പതാക പാറിച്ചതിന് സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ആസാദ് മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണിവെരെയാണ് മുംബൈയിൽ അനുമതി നൽകിയിരിക്കുന്നത്. ഡൽഹിയിൽ എത്താൻ കഴിയാത്തവരോട് അതത് സ്ഥലങ്ങളിൽ പ്രതിഷേധ റാലി നടത്താൻ സംഘടന സ്ഥാപകൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തിട്ടുണ്ട്.



