സി.ജെ.പിയുടെ ‘തിരംഗ യാത്ര’: കൊണാട്ട് പ്ലേസിൽ കർശന നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്; 11 പേർക്ക് മാത്രം അനുമതി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൊണാട്ട് പ്ലേസിൽ പ്രഖ്യാപിച്ച ‘തിരംഗ യാത്ര’ മാർച്ചിന്മേൽ ഡൽഹി പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മാർച്ചിൽ പങ്കെടുക്കാൻ ആകെ 11 പേർക്ക് മാത്രമാണ് പൊലീസ് അനുമതി നൽകിയിരിക്കുന്നത്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സമരസ്ഥലത്തേക്ക് എത്തിച്ചേരരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊണാട്ട് പ്ലേസിലും പരിസരപ്രദേശങ്ങളിലും ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ശക്തമായി തുടരുകയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്ക് അടച്ചിട്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള ജനക്കൂട്ടം ഉണ്ടാകുന്നത് തടയുന്നതിനായി പ്രദേശത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശീയ പതാകയേന്തി ദേശീയഗാനം ആലപിക്കുന്നതിനായി തിരഞ്ഞെടുത്ത 11 പേർക്ക് മാത്രം അനുമതി നൽകുമെന്നും, ക്രമസമാധാനം തടസ്സപ്പെടുത്തുന്നതോ നിയമം ലംഘിക്കുന്നതോ ആയ ഒത്തുകൂടലുകൾ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles