തിരുവനന്തപുരം: ചേരാനല്ലൂർ ബെൻസ് കാറപകട കേസിൽ അന്വേഷണം നടത്തിയ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തി ഔദ്യോഗിക സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങി. കേസിൽ ചുമത്തിയ വകുപ്പുകളിൽ വലിയ പിഴവുകളുണ്ടായെന്നും, പരാതിക്കാരുടെ ഫോണിൽ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങൾ ചില ഉദ്യോഗസ്ഥർ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഗ്രേഡ് എസ്.ഐ കെ.ടി. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ ജോസി എന്നിവരാണ് തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നത്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 105-ാം വകുപ്പ് (കുറ്റകരമായ നരഹത്യ) ചുമത്താൻ വ്യക്തമായ സാഹചര്യമുണ്ടായിട്ടും പോലീസ് അത് മനഃപൂർവം ഒഴിവാക്കുകയായിരുന്നുവെന്നും ഉത്തരവിലുണ്ട്. പോലീസിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. അപകടമുണ്ടാക്കിയ 17-കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിക്കെതിരെയും പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ചാൽ രക്ഷിതാവിനെ ഉത്തരവാദിയാക്കുന്ന മോട്ടോർ വാഹന നിയമത്തിലെ 199എ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ, ചേരാനല്ലൂർ അപകടത്തിൽ പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. കേസ് അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പുറമെ, അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബവും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയായിരുന്നു ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) ദാരുണമായി കൊല്ലപ്പെട്ടത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന കുട്ടി സ്ഥിരമായി ഈ കാർ ഉപയോഗിക്കുന്നയാളാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിവേഗത്തിൽ വാഹനമോടിക്കുന്നതിന്റെ റീൽസ് ചിത്രീകരിക്കുന്നതിനാണ് ഇവർ രാത്രി വൈകി കാറുമായി പുറത്തിറങ്ങിയതെന്നും പോലീസ് പറയുന്നു. അപകടത്തിന് മുൻപ് 17-കാരൻ മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.



