കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം സംഘടനയുമായി ബന്ധപ്പെട്ടവരിലേക്കും നീളുന്നു. ഗൾഫിൽ ഇതുസംബന്ധിച്ച നിയമനടപടികൾ പ്രായോഗികമല്ലാത്തതിനാലും കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നതിനാലും വളരെ കരുതലോടെയാണ് പൊലീസ് നീക്കങ്ങൾ നടത്തുന്നത്. നിരവധി പ്രവാസിക്ഷേമ പദ്ധതികൾക്കായി സ്വരൂപിച്ച ഫണ്ടാണ് ഓഫീസിന്റെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി കവർന്നത്. ഇത്തരം വലിയ തുകകൾ അവിടത്തെ ബാങ്കുകളിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ ഓഫീസിൽ തന്നെയാണ് പതിവായി സൂക്ഷിക്കാറുള്ളത്. ഇത് കൃത്യമായി അറിയാവുന്ന ആസൂത്രകർ തന്നെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാണ്. ഖത്തറിലെ നിയമപരമായ പരിമിതികൾ കാരണമാണ് കോഴിക്കോട് റൂറൽ സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്.
കേസിൽ ആറുപേരാണ് പ്രതികളായുള്ളത്. ഇതിൽ കൊയിലാണ്ടി സ്വദേശിയായ ബാലകൃഷ്ണൻ കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. ഇൻഡസ്ട്രിയൽ വർക്കറായ ഇയാളെ കോടതിയിൽ ഹാജരാക്കി കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡ് ചെയ്തു. ഇതിനിടയിൽ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതായി സൂചനയുണ്ട്. ബോംബെ ഷാജി, റാഷി, ബാവ എന്ന സാലിഹ്, മമ്മാലി എന്ന ഹസൻ, നിസാർ എന്നിവരടക്കമുള്ള മറ്റ് അഞ്ച് പ്രതികൾക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളിൽ ചിലർക്ക് വാഗ്ദാനം ചെയ്ത പണം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് പുറത്തുവന്ന ചില ശബ്ദസന്ദേശങ്ങളാണ് അന്വേഷണത്തിൽ പോലീസിന് ലഭിച്ച പ്രധാന തുമ്പ്. ഖത്തർ കെ.എം.സി.സിയിലെ ചേരിപ്പോരും സംഭവത്തിന് പിന്നിലുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ബോംബെ ഷാജിയും കമറുദ്ദീൻ പയ്യോളിയും അറസ്റ്റിലായ ബാലകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ആധികാരികത പോലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, കവർച്ചാ കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ ഖത്തറിലെ വ്യവസായി അസയ്നാർ കുന്നുമ്മൽ രംഗത്തെത്തി. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹസൻ മമ്മാലി എന്ന വ്യക്തിയാണുള്ളതെന്നും, അത് തന്റെ പേരായി തെറ്റായി പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കീഴടങ്ങിയ ബാലകൃഷ്ണനിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും, ഒളിവിലുള്ള പ്രതികളെ പിടികൂടാനും നാട്ടിലെത്തിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.



