മധുര: തമിഴ്നാട്ടിലെ തേനി ജില്ലയിലെ തെക്കംപെട്ടി സബ് ജയിലിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് 17 റിമാൻഡ് തടവുകാർ രക്ഷപ്പെട്ടു. തടവുകാരിലൊരാൾ അപസ്മാരം വന്നതുപോലെ അഭിനയിച്ച് ജയിൽ ഉദ്യോഗസ്ഥനെ അടുത്തുവിളിച്ച വരുത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. സംഭവത്തിന് പിന്നാലെ ജയിലിലുണ്ടായിരുന്ന മറ്റ് തടവുകാരെ മധുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ലിംഗം, രാജ സിങ്കന്തർ, കറുപ്പസാമി, സിലംബരശൻ, തിരുപ്പതി, മാഞ്ചി സുന്ദരം, ശബരി, പൊൻ മുത്തു, നിജന്ത്, കാർത്തിക് രാജ, മുഗിലൻ, സെൽവ, തരുൺ, രാജ്കുമാർ, പ്രവീൺ, മുത്തു ഇളങ്കോ, രാജുവീൻ എന്നിവരാണ് രക്ഷപ്പെട്ടത്. വിവിധ അക്രമ കേസുകളിൽപ്പെട്ട ഇവരിൽ ഭൂരിഭാഗം പേരും മധുര സ്വദേശികളാണ്. രാമനാഥപുരം, സേലം, വില്ലുപുരം ജില്ലകളിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. തമിഴ്നാട് സൗത്ത് സോൺ ഐ.ജി.പി വിജയേന്ദ്ര ബിദാരി സ്ഥലം സന്ദർശിച്ചു. രക്ഷപ്പെട്ടവരിൽ പ്രവീൺ കുമാർ ഉൾപ്പെടെ നാലുപേരെ ഇതിനകം പോലീസ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായി 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കി.
തേനിയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഇടുക്കി ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലും, തമിഴ്നാട്ടിലെ മധുര, ദിണ്ഡിഗൽ ജില്ലകളിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പരിശോധന കടുപ്പിച്ചു. 1995-ൽ വെല്ലൂർ തടങ്കൽ കേന്ദ്രത്തിൽ നിന്ന് 47 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ എൽ.ടി.ടി.ഇ ബന്ധമുള്ള 43 പേർ രക്ഷപ്പെട്ട സംഭവത്തിന് ശേഷം തമിഴ്നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ ജയിൽ ചാട്ടങ്ങളിലൊന്നാണിത്.



