ദുബൈ: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ പദവിയിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച യുഎഇ നയതന്ത്രജ്ഞ ലാന നുസൈബിന്റെ മികച്ച നയതന്ത്ര പരിചയം ഈ പോരാട്ടത്തിൽ നിർണായകമാകുമെന്ന് വിദഗ്ധർ. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി 2023 ഡിസംബറിൽ യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ച 2720-ാം പ്രമേയവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ ലാന നുസൈബ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിക് ഡയറക്ടർ ഡോ. സാറ ചെഹാബ് ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളുടെ ഭിന്നനിലപാടുകൾക്കിടയിൽ ധാരണയുണ്ടാക്കാനും സഹായവിതരണം ഉറപ്പാക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്.
ഒക്ടോബർ 21-നാണ് ലാന നുസൈബ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള തൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രാദേശിക വെടിനിർത്തലുകൾ, തടവുകാരുടെ കൈമാറ്റം, സമാധാനശ്രമങ്ങൾ, മാനുഷിക സഹായം എത്തിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് തൻ്റെ കാഴ്ചപ്പാട് രേഖയിൽ അവർ മുൻഗണന നൽകുന്നു. പ്രമേയങ്ങൾ അംഗീകരിക്കുന്നതിനപ്പുറം അവ കൃത്യമായി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമെന്നും, ഇത്തരം പ്രാഥമിക ധാരണകൾ പാലിക്കപ്പെട്ടാൽ മാത്രമേ വിപുലമായ രാഷ്ട്രീയ ഒത്തുതീർപ്പുകളിലേക്ക് വഴ തുറക്കൂ എന്നും ഡോ. സാറ ചെഹാബ് വ്യക്തമാക്കി.
അറബ് മേഖലയിൽ നിന്നുള്ള ഒരു പ്രതിനിധി യുഎൻ തലപ്പത്തെത്തുന്നത് പ്രാദേശിക മധ്യസ്ഥശ്രമങ്ങൾക്കും നയതന്ത്ര സംഭാഷണങ്ങൾക്കും ആഗോളതലത്തിൽ വലിയ പ്രാധാന്യം നൽകും. അതേസമയം, അടുത്ത സെക്രട്ടറി ജനറൽ ലാറ്റിൻ അമേരിക്കയിൽ നിന്നോ കരീബിയൻ മേഖലയിൽ നിന്നോ ആയിരിക്കണമെന്ന ആഗോള പൊതുവികാരം നുസൈബിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. എന്നാൽ യുഎൻ ചാർട്ടറിൽ ഇത്തരത്തിൽ മേഖലാടിസ്ഥാനത്തിലുള്ള അധികാര കൈമാറ്റം നിർബന്ധമല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സുരക്ഷാ കൗൺസിലിന്റെ ആവശ്യമായ പിന്തുണ നേടുകയും സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരത്തെ അതിജീവിക്കുകയും ചെയ്യുക എന്നതാണ് സ്ഥാനാർത്ഥിത്വത്തിൽ ഏറ്റവും നിർണായകമാവുക.



