ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി അറബ് പാർട്ടികൾ; അടുത്ത സർക്കാരിനെ നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്വാധീനം

ജറൂസലേം: ഇസ്രായേലിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനത്തോളം വരുന്ന ഫലസ്തീൻ വോട്ടർമാരുടെ ശക്തമായ പിന്തുണയോടെ പൊതുതിരഞ്ഞെടുപ്പിൽ റെക്കോർഡ് സീറ്റുകൾ നേടാൻ ഒരുങ്ങി പ്രധാന അറബ് പാർട്ടികൾ. തിരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം മുൻ റാആം (Ra’am – യുണൈറ്റഡ് അറബ് ലിസ്റ്റ്) പാർട്ടിയും ജോയിന്റ് ലിസ്റ്റ് (Joint List) സഖ്യവുമാണ് ഇസ്രായേൽ രാഷ്ട്രീയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശക്തികളായി വളരുന്നത്. 2021-ൽ ഇസ്രായേലിലെ സഖ്യസർക്കാരിന്റെ ഭാഗമായ ആദ്യ അറബ് പാർട്ടിയായ മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റാആം, അറബ് സമൂഹത്തിന്റെ ക്ഷേമത്തിനും ഫണ്ടിംഗിനുമായി മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്.

മറുഭാഗത്ത്, ജൂത-അറബ് അംഗങ്ങളുള്ള ഇടതുപക്ഷ പാർട്ടിയായ ‘ഹദാഷ്’ (Hadash), അഹ്മദ് തിബിയുടെ നേതൃത്വത്തിലുള്ള ‘തആൽ’ (Ta’al), പൗരന്മാർക്ക് തുല്യാവകാശം ആവശ്യപ്പെടുന്ന ‘ബലദ്’ (Balad) എന്നീ മൂന്ന് പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ജോയിന്റ് ലിസ്റ്റ്. സർക്കാർ രൂപീകരണത്തിൽ നേരിട്ട് പങ്കാളികളായില്ലെങ്കിലും നെതന്യാഹുവിനെ എതിർക്കുന്ന മുന്നണിക്ക് സഭയിൽ ‘സുരക്ഷാ വലയമായി’ (Safety net) പ്രവർത്തിക്കാൻ ഇവർ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സെപ്റ്റംബറിൽ ഇസ്രായേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഇരു പാർട്ടികൾക്കും മത്സരവിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഒക്ടോബർ 2-ന് സുപ്രീം കോടതി ഈ വിലക്ക് റദ്ദാക്കി ഇവരെ മത്സരിക്കാൻ അനുവദിക്കുകയായിരുന്നു. റെക്കോർഡ് സീറ്റുകൾ നേടുമെന്ന പ്രവചനങ്ങൾ പുറത്തുവന്നതോടെ പുതിയ സർക്കാർ രൂപീകരണത്തിൽ ഈ അറബ് പാർട്ടികളുടെ നിലപാട് ഏറെ നിർണ്ണായകമാകും.

Related Articles

- Advertisement -spot_img

Latest Articles