തെൽ അവീവ്: ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തങ്ങളുടെ അവകാശങ്ങളും സാന്നിധ്യവും ഉറപ്പുവരുത്താൻ ഇസ്രായേലിലെ ഫലസ്തീൻ സമൂഹം വൻതോതിൽ വോട്ട് രേഖപ്പെടുത്തിയതായി അറബ്-അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ പോളിസി കൗൺസിൽ അംഗവും പൊളിറ്റിക്കൽ അനലിസ്റ്റുമായ ഒമർ ബദ്ദാർ. വരുംദിനങ്ങളിൽ ഉണ്ടാകുന്ന ഏത് രാഷ്ട്രീയ മാറ്റങ്ങളിലും നിഷ്ക്രിയ കാഴ്ചക്കാരായി നിൽക്കാതെ നിർണ്ണായക ഘടകമാകാനുള്ള ഉറച്ച തീരുമാനത്തോടെയാണ് ഫലസ്തീൻ ജനവിഭാഗം സമാനതകളില്ലാത്ത പങ്കാളിത്തം ഉറപ്പാക്കിയതെന്ന് അൽ ജസീറയോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ സമീപനത്തിൽ വലിയ മാറ്റമൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ഗാഡി എയ്സൻകോട്ടും ഫലസ്തീനികൾക്ക് സ്വാതന്ത്ര്യമോ മനുഷ്യാവകാശങ്ങളോ നിഷേധിക്കുന്ന നിലപാടിൽ ഒരേപോലെ ഉറച്ചുനിൽക്കുന്നവരാണ്. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനോ ഫലസ്തീനികൾക്ക് തുല്യാവകാശം നൽകുന്നതിനോ ഇരുവരും തയാറല്ല.
ഫലസ്തീനികളെ ദീർഘകാലത്തേക്ക് ക്രൂരമായ സൈനിക അധിനിവേശത്തിന് കീഴിൽ നിലനിർത്തുക എന്നതാണ് ഇരു നേതാക്കളുടെയും കാഴ്ചപ്പാട്. അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ തുടരുന്ന വർണ്ണവിവേചന ഭരണകൂടത്തിന്റെ (അപാർതീഡ്) സ്വഭാവത്തിന് ഈ തിരഞ്ഞെടുപ്പിലൂടെ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും ഒമർ ബദ്ദാർ കൂട്ടിച്ചേർത്തു.



