മസ്കത്ത്: ഗൾഫ് മേഖലയിലെ എട്ട് രാജ്യങ്ങൾ തമ്മിൽ അനാക്രമണ കരാർ രൂപീകരിക്കണമെന്നും ഇറാനെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഒമാൻ. മേഖലയിലെ സുരക്ഷാ ഉത്തരവാദിത്തം ബാഹ്യശക്തികൾക്ക് വിടാതെ ഗൾഫ് രാജ്യങ്ങൾ തന്നെ ഏറ്റെടുക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി വ്യക്തമാക്കി. യുകെയിലെ കേംബ്രിജ് സർവകലാശാലയിലെ ഗിർട്ടൺ കോളജിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഗൾഫ് സുരക്ഷയ്ക്കായി വിദേശശക്തികളെ ആശ്രയിക്കുന്ന ദീർഘകാല രീതിക്ക് മാറ്റം വരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇറാനെ ഒഴിവാക്കിക്കൊണ്ടുള്ള ഏതൊരു പ്രാദേശിക സുരക്ഷാ ക്രമീകരണവും അടിസ്ഥാനപരമായി ദുർബലവും ഘടനാപരമായി അസ്ഥിരവുമായിരിക്കും. ഇറാനുമായി സൗഹൃദത്തിലാണോ ശത്രുതയിലാണോ എന്നതിലല്ല, മറിച്ച് മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്രമായ സംവിധാനത്തിലാണ് സ്ഥിരതയുള്ളത്. ജി.സി.സിയിലെ ആറ് അംഗരാജ്യങ്ങൾ, ഇറാഖ്, ഇറാൻ എന്നീ എട്ട് രാജ്യങ്ങൾ ചേർന്ന അനാക്രമണ കരാറാണ് അനിവാര്യം. പരസ്പര ആക്രമണങ്ങൾ ഒഴിവാക്കാനും സംഘർഷ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുമെന്നും അൽബുസൈദി വ്യക്തമാക്കി.
യു.എസും ഇറാനും തമ്മിൽ മുൻപ് നടന്ന ആണവ ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിച്ചിരുന്നുവെന്നും, ഇരുപക്ഷവും താല്പര്യം കാണിച്ചാൽ കരാറിലെത്താനുള്ള അടിസ്ഥാന ഘടകങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള ഒമാൻ-ഇറാൻ ചർച്ചകളിൽ താൽക്കാലിക ക്രമീകരണ നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. അമേരിക്കയും ഇറാനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പ്രായോഗിക ധാരണകൾ നടപ്പാക്കുക പ്രയാസകരമാണെന്നും ഒമാൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.



