തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് കേസിൽ പി.എസ്.സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ വീട്ടിൽവെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചു. കേസിലെ ആദ്യ അറസ്റ്റാണിത്. കഴിഞ്ഞ വർഷം വിരമിച്ച സതീഷ്, ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതലയാണ് വഹിച്ചിരുന്നത്. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കേസിൽ സതീഷിനെതിരെയും പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കെതിരെയും സർക്കാർ നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
കേസിലെ അന്വേഷണത്തിലെ മെല്ലെപ്പോക്കിൽ സർക്കാരിനെയും അന്വേഷണ സംഘത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾ വേഗത്തിലായത്. ഇതിനിടെ, പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് എസ്.ഐ.ടിക്കു മുമ്പിൽ ഹാജരാകാനിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്. ഇതിനിടയിൽ പരീക്ഷാ തട്ടിപ്പിൽ ചെയർമാനെതിരെ കമ്മീഷനിലെ ഒരു അംഗം എസ്.ഐ.ടിക്ക് മൊഴി നൽകിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പരീക്ഷ കൺട്രോളറെ പോലും മറികടന്ന് ചെയർമാൻ ഇടപെടലുകൾ നടത്തിയിരുന്നതായും, ചട്ടങ്ങൾ മറികടന്ന് എഴുത്തുപരീക്ഷകളുടെ മാർക്ക് മുൻകൂട്ടി ചോദിച്ചറിയുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നതായും മൊഴിയിലുണ്ട്.
ആസൂത്രണ ബോർഡ് പരീക്ഷയ്ക്ക് പുറമെ 150-ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് അന്വേഷണ സംഘത്തിന്റെ പരിഗണനയിലുള്ളത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന ചെയർമാന്റെ നിർദ്ദേശം തള്ളിയാണ് മറ്റ് അംഗങ്ങൾ മൊഴി നൽകിയത്. സംഭവത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.



