ന്യൂയോർക്ക് സ്റ്റേറ്റ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീനിയൻ വനിതയായി ആബിർ കവാസ്

ന്യൂയോർക്ക്: യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ ചരിത്ര വിജയം നേടി ഫലസ്തീനിയൻ-അമേരിക്കൻ ആക്ടിവിസ്റ്റ് ആബിർ കവാസ്. പോൾ ചെയ്ത വോട്ടുകളിൽ 75 ശതമാനത്തോളം നേടി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രതിനിധിയായ ഈ 35-കാരി, ന്യൂയോർക്ക് സ്റ്റേറ്റ് നിയമസഭയിലെത്തുന്ന ആദ്യ ഫലസ്തീനിയൻ വനിതയെന്ന അപൂർവ്വ നേട്ടത്തിന് അർഹയായി. വിജയത്തിന് പിന്നാലെ ‘നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു’ എന്ന് സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചുകൊണ്ട് ആബിർ തന്റെ ആഹ്ലാദം പങ്കുവെച്ചു.

ബ്രൂക്ലിനിൽ ഫലസ്തീനിയൻ ദമ്പതികളുടെ മകളായി ജനിച്ച ആബിറിന്റെ രാഷ്ട്രീയ ജീവിതം വ്യക്തിപരമായ വലിയ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ടതാണ്. സ്കൂൾ പഠനകാലത്ത് പിതാവിനെ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത് ജോർദാനിലേക്ക് നാടുകടത്തിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തെ സഹോദരങ്ങൾക്കൊപ്പം ജോലി ചെയ്താണ് ആബിർ മുന്നോട്ട് നയിച്ചത്. കഴിഞ്ഞ 15 വർഷത്തിലേറെയായി കുടിയേറ്റക്കാരുടെ അവകാശങ്ങൾ, തൊഴിലാളി ക്ഷേമം, ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ എന്നിവയ്ക്കായി പോരാടുന്ന പ്രമുഖ സംഘാടക കൂടിയാണ് ആബിർ കവാസ്.

തൊഴിലാളിവർഗ വോട്ടർമാർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച പ്രചാരണ തന്ത്രങ്ങളാണ് ആബിറിന്റെ വിജയത്തിന് വഴിയൊരുക്കിയത്. കുറഞ്ഞ ചെലവിലുള്ള ഭവന പദ്ധതികൾ, സാർവത്രിക ആരോഗ്യ പരിരക്ഷ, മെച്ചപ്പെട്ട പൊതുഗതാഗതം എന്നിവയ്ക്കൊപ്പം വിദേശ യുദ്ധങ്ങൾക്ക് അമേരിക്ക കോടിക്കണക്കിന് ഡോളർ സഹായം നൽകുന്നത് അവസാനിപ്പിക്കണമെന്നും അവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, സെനറ്റർ ബെർണി സാൻഡേഴ്സ്, കോൺഗ്രസ് അംഗം റാഷിദ താലിബ് തുടങ്ങിയ പ്രമുഖ പ്രോഗ്രസീവ് നേതാക്കളുടെ പിന്തുണയും ആബിറിന്റെ വിജയത്തിന് കരുത്തുപകർന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രവാസി-ന്യൂനപക്ഷ ശബ്ദങ്ങൾക്കും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആശയങ്ങൾക്കും ലഭിക്കുന്ന വർദ്ധിച്ച സ്വീകാര്യതയാണ് ഈ ചരിത്ര വിജയം അടിവരയിടുന്നത്.

Related Articles

- Advertisement -spot_img

Latest Articles