യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിലെ തിരിച്ചടി: അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞെന്ന് ഇറാൻ

ടെഹ്‌റാൻ: യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിനുമേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി ഇറാൻ. അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞു എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു. മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വൻ മുന്നേറ്റം നടത്തുകയും യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്കക്കാർ യുദ്ധം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും ആ തീരുമാനത്തെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നും ഖാലിബാഫ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ൽ കുറിച്ചു. അന്താരാഷ്ട്ര യജമാനന്മാരെയും ഭീഷണിപ്പെടുത്തുന്നവരെയും സഹായിക്കാൻ അമേരിക്കൻ സർക്കാർ ജനങ്ങളുടെ ആഗ്രഹത്തെ വഞ്ചിക്കുകയാണെങ്കിൽ, പ്രതിരോധത്തിന്റെ ഭാഗമായുള്ള തങ്ങളുടെ നിലപാടിന് അവർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെതിരായ യു.എസ് സൈനിക നടപടികളും അതിനെത്തുടർന്നുണ്ടായ സാമ്പത്തിക ആഘാതങ്ങളുമാണ് തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായതെന്ന് വിവിധ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. യുദ്ധത്തെ തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതും ജീവിതച്ചെലവ് വർധിച്ചതും അമേരിക്കൻ വോട്ടർമാർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളോടുള്ള അമർഷവും വിലക്കയറ്റവും റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് പ്രധാന കാരണമായതായാണ് രാഷ്ട്രീയ നിരീക്ഷണം.

Related Articles

- Advertisement -spot_img

Latest Articles