‘ഇസ്രായേൽ വിട്ടുപോകാൻ സമയമായി’: ലിബറൽ ഇസ്രായേലികളോട് രാജ്യം വിടാൻ ആഹ്വാനം ചെയ്ത് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ഓസ് അൽമോഗ്

‘ഇസ്രായേൽ വിട്ടുപോകാൻ സമയമായി’: ലിബറൽ ഇസ്രായേലികളോട് രാജ്യം വിടാൻ ആഹ്വാനം ചെയ്ത് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ഓസ് അൽമോഗ്
ടെൽ അവീവ്: സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന വിശ്വാസങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട്, ലിബറൽ ചിന്താഗതിക്കാരായ ഇസ്രായേലികൾ രാജ്യം വിട്ടുപോകണമെന്ന ആഹ്വാനവുമായി പ്രമുഖ ഇസ്രായേലി സാമൂഹിക ശാസ്ത്രജ്ഞനും ഹൈഫ സർവകലാശാലയിലെ പ്രൊഫസറുമായ ഓസ് അൽമോഗ് രംഗത്തെത്തി. 2026-ൽ പ്രസിദ്ധീകരിച്ച ‘എ മിസ്സിംഗ് കൺട്രി: ഈസ് ഇറ്റ് ടൈം ടു ലീവ് ഇസ്രായേൽ?’ എന്ന തന്റെ പുതിയ പുസ്തകത്തിലൂടെയാണ് അദ്ദേഹം സ്വന്തം ജനതയോട് രാജ്യം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്. പുസ്തകത്തിന്റെ തലക്കെട്ടിലെ ചോദ്യത്തിന് ആദ്യ അധ്യായത്തിൽ തന്നെ ‘അതെ’ എന്ന ഉത്തരമാണ് അദ്ദേഹം നൽകുന്നത്. മുൻ നാവികസേനാ കമാൻഡർ മേജർ ജനറൽ സീവ് അൽമോഗിന്റെ മകനായ ഓസ് അൽമോഗിന്റെ വാക്കുകൾ ഇസ്രായേലി പൊതുമണ്ഡലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരുകാലത്ത് സ്വതന്ത്രവും വിവേകപൂർണ്ണവുമായ ഭവനമായിരുന്ന ഇസ്രായേൽ ഇന്ന് ഓർമ്മകളിൽ മാത്രം അവശേഷിക്കുന്ന ഒരു ‘നഷ്ടപ്പെട്ട രാജ്യമായി’ മാറിയെന്ന് അദ്ദേഹം കുറിക്കുന്നു.

കഴിഞ്ഞ നാല് വർഷത്തെ സംഭവവികാസങ്ങളും ജുഡീഷ്യൽ പരിഷ്കരണങ്ങളും 2023 ഒക്ടോബർ 7-ലെ ആക്രമണവും തുടർന്നുണ്ടായ യുദ്ധവും ഇസ്രായേലി സമൂഹത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയെന്ന് അൽമോഗ് ചൂണ്ടിക്കാട്ടുന്നു. ജനങ്ങളിലെ അസൂയയെയും മത-ദേശീയ തീവ്രവാദത്തെയും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തന്റെ ഭരണായുധമാക്കി മാറ്റി. സത്യത്തേക്കാളും നിയമത്തേക്കാളും ധാർമ്മികതയേക്കാളും വലുത് സ്വന്തം രാഷ്ട്രീയ ചേരിയോടുള്ള വിധേയത്വമാണെന്ന് വലിയൊരു വിഭാഗത്തെ വിശ്വസിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ സർക്കാർ മാറിയതുകൊണ്ട് മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും സമൂഹം അത്രത്തോളം മാറിക്കഴിഞ്ഞെന്നും അൽമോഗ് വ്യക്തമാക്കുന്നു. സൈനിക സേവനത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും നികുതിപ്പണത്തെ ആശ്രയിച്ച് ജീവിക്കുകയും ചെയ്യുന്ന അൾട്രാ-ഓർത്തഡോക്സ് വിഭാഗവും തീവ്ര മതസയണിസവും രാജ്യത്തെ ‘സാമൂഹിക കരാർ’ പൂർണ്ണമായും തകർത്തിരിക്കുകയാണ്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സൈന്യത്തെയും താങ്ങിനിർത്തുന്ന ഡോക്ടർമാരും ശാസ്ത്രജ്ഞരും ഹൈടെക് പ്രൊഫഷണലുകളും അടങ്ങുന്ന ഏകദേശം നാല് ലക്ഷത്തോളം വരുന്ന മതേതര-ലിബറൽ മധ്യവർഗം ഇന്ന് നിശബ്ദമായി രാജ്യം വിടുകയാണ്. ഗ്രീസിലും പോർച്ചുഗലിലും സൈപ്രസിലും വീടുകളും ബാങ്ക് അക്കൗണ്ടുകളും തേടി ഇവർ പലായനത്തിന് ഒരുങ്ങുന്നു. ഉൽപ്പാദനക്ഷമതയുള്ള ജനവിഭാഗം ഒഴിഞ്ഞുപോയി ദരിദ്രനഗരമായി മാറിയ ജറുസലേം, വരാനിരിക്കുന്ന ഇസ്രായേലിന്റെ ഭീതിദമായ നേർചിത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേൽ വിട്ടുപോകുന്നത് ‘രാജ്യവഞ്ചന’യാണെന്ന പ്രചാരണം വൈകാരികമായ ചൂഷണം മാത്രമാണെന്നും, നിലവിലെ സാഹചര്യത്തിൽ അവിടെ തുടരുന്നത് സ്വന്തം മനസ്സാക്ഷിയെയും മക്കളുടെ ഭാവിയെയും വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വാദിക്കുന്നു.

66-ാം വയസ്സിൽ വിരമിക്കുന്ന പ്രൊഫ. അൽമോഗ് തന്റെ പുസ്തകത്തിലെ നിർദ്ദേശം സ്വന്തം ജീവിതത്തിലും നടപ്പിലാക്കിക്കൊണ്ട് ഗ്രീസിലെ ഏഥൻസിലേക്ക് സ്ഥിരതാമസം മാറ്റുകയാണ്. കടുത്ത വേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്നും സ്വന്തം ഭാഷയും വീടും ഉപേക്ഷിച്ചു പോകുന്നത് വലിയൊരു പ്രതിസന്ധിയാണെന്നും അദ്ദേഹം ഏഥൻസിൽ നിന്ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജുഡീഷ്യൽ പരിഷ്കരണങ്ങൾക്കെതിരെ നടന്ന തെരുവ് പ്രക്ഷോഭങ്ങൾ പരാജയപ്പെട്ടുവെന്നും ഇസ്രായേൽ ഒരു ‘അർദ്ധ-ഫാസിസ്റ്റ്’ രാജ്യമായി മാറിക്കഴിഞ്ഞുവെന്നും 123 പേജുകളും 15 അധ്യായങ്ങളുമുള്ള പുസ്തകം തുറന്നടിക്കുന്നു. പുസ്തകത്തിന്റെ പേരിൽ തന്നെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചേക്കാമെങ്കിലും സത്യം വിളിച്ചുപറയുക എന്ന തന്റെ ദൗത്യമാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles