ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ വിഭാഗം മുൻ പ്രിൻസിപ്പൽ ജോയ് പോൾ അന്തരിച്ചു

ജിദ്ദ: പ്രവാസി വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്ത് നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന വ്യക്തിത്വവും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ വിഭാഗം മുൻ പ്രിൻസിപ്പലുമായിരുന്ന ജോയ് പോൾ (73) നാട്ടിൽ നിര്യാതനായി. എറണാകുളം ചോറ്റാനിക്കര സ്വദേശിയാണ്. ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സൗദി അറേബ്യയിലെ വിദൂര മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കൾക്കും പഠനം മുടങ്ങിയവർക്കും വിദ്യാഭ്യാസ അവസരമൊരുക്കിയ ‘ഓപ്പൺ സ്‌കൂൾ’ സംവിധാനത്തിന്റെ ശില്പിയെന്ന നിലയിലാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്.

ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ അധ്യാപകവൃത്തിക്ക് ശേഷമാണ് ജോയ് പോൾ സൗദിയിലെത്തിയത്. അധ്യാപനത്തിനപ്പുറം പ്രവാസി വിദ്യാർത്ഥികളുടെ കലാ-സാംസ്‌കാരിക കഴിവുകൾ വളർത്തുന്നതിലും ജിദ്ദയിലെ പൊതുപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ജിദ്ദ കേരള കലാസാഹിതിയുടെ സ്ഥാപകാംഗമായും സൗദി എറണാകുളം റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരിയായും പ്രവർത്തിച്ച അദ്ദേഹം, പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷവും ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

ഇന്ത്യൻ സ്‌കൂൾ മുൻ അധ്യാപിക സുനിത (മിന) ആണ് ഭാര്യ. മക്കൾ: കോളിൻ (യു.കെ), നോയൽ. മരുമകൻ: അജയ്. സംസ്‌കാരം ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷം മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വെട്ടിക്കൽ സെന്റ് തോമസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നടക്കും.

Related Articles

- Advertisement -spot_img

Latest Articles