കണ്ണൂർ: പയ്യന്നൂരിലെ സി.പി.ഐ.എം നേതാവ് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ആർ.എസ്.എസ് പ്രവർത്തകരായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതികൾക്ക് അഞ്ച് ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
പൈശാചികമായ കൊലപാതകമാണ് നടന്നതെന്നും രാഷ്ട്രീയ കൊലപാതകങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളിലെ ശിക്ഷ അനുഭവിച്ചതിന് ശേഷമായിരിക്കണം പ്രതികൾ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കൂടാതെ, കൊല്ലപ്പെട്ട സി.വി. ധനരാജിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളായ ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് 16 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു.



