19.4 C
Saudi Arabia
Sunday, March 22, 2026
spot_img

ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ കപ്പലുകൾ ചെങ്കടലിൽ മുക്കുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്

സനാ: ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ സൈന്യം നേരിട്ട് ഇടപെട്ടാൽ, ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും അമേരിക്കൻ ചരക്കു കപ്പലുകളും യുദ്ധക്കപ്പലുകളും മുക്കുമെന്ന് യെമനിലെ ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ഹൂതി സൈനിക വക്താവ് യഹ്‌യ സരിയെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

നേരത്തെ ഗസ്സയിലെ ഇസ്രായേലി ആക്രമണത്തെത്തുടർന്ന്, ഫലസ്‌തീന് പിന്തുണ പ്രഖ്യാപിച്ച ഹൂതികൾ ചെങ്കടൽ വഴിയുള്ള കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. പ്രധാനമായും ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരെയാണ് ഈ ആക്രമണങ്ങൾ നടന്നത്. അതിന് പിന്നാലെ, അമേരിക്ക ഹൂതി താവളങ്ങൾക്കെതിരെ അമേരിക്ക വലിയ തോതിൽ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.

അമേരിക്കയും ഹൂതികളും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ മേയ് മാസത്തിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നു. ചെങ്കടലിലും ബാബ് അൽ-മന്ദബിലും ഇരുകക്ഷികളും പരസ്പരം ആക്രമിക്കരുതെന്നതാണ് കരാർ. കരാറിനെ തുടർന്ന് യു.എസ് ഹൂതികളുടെ താവളങ്ങളിൽ ബോംബാക്രമണം നിർത്തിയിരുന്നു.

ലോക കപ്പൽ ഗതാഗതത്തിലെ ഏകദേശം 40 ശതമാനത്തോളം ചെങ്കടൽ വഴിയാണുള്ളത്. ചെങ്കടലും മെഡിറ്ററേനിയൻ കടലും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ആഗോള വ്യാപാരത്തിന് അത്യന്തം പ്രധാനപ്പെട്ട വഴിയാണ്. ഹൂതികളുടെ ആക്രമണ ഭീഷണി ഈ വഴിയുള്ള ഗതാഗതത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിന്റെ പ്രത്യാഘാതം ആഗോള വിപണിയിലും പ്രതിഫലിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നേരത്തെ ഹൂതി ആക്രമണ ഭീഷണി മൂലം നിരവധി കപ്പലുകൾ ചെങ്കടൽ വഴിക്ക് പകരം ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദീർഘയാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles