മുംബൈ: ഫീസ് അടക്കാത്തതിന്റെമീഡിയം പേരിൽ പത്താം ക്‌ളാസ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു. മുംബയിലെ ഭീവണ്ടിയിൽ പ്രവർത്തിക്കുന്ന ഉറുദു സ്‌കൂളിലാണ് സംഭവം. സംഭവത്തെ തുടർന്ന് പ്രധാന അധ്യാപകനെതിരെയും അധ്യാപകനെതിരെയും പോലീസ് കേസെടുത്തു.
ഒക്ടോബർ 3,4 തിയ്യതികളിൽ ക്ലാസിൽ നടന്ന യൂണിറ്റ് ടെസ്റ്റിലായിരുന്നു സംഭവം. ഫീസ് അടക്കാത്തതിന്റെ പേരിൽ കുട്ടിയെ നിലത്തിരുത്തി പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സ്‌കൂളിലെ സൂപർവീസിംഗ് അധ്യാപകരായ അബ്ദുല്ലക്കെതിരെയും ഹെഡ്മിസ്ട്രസ് ഖാൻ അതിഹക്കെ തിരെയുമാണ് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഓട്ടോ ഡ്രൈവറായ കുട്ടിയുടെ പിതാവ് സംഭവത്തിന് ശേഷം പലതവണ സ്‌കൂൾ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ജുവൈൻ ജസ്റ്റിസ് ആക്ടിലെ 75. 87 വകുപ്പുകൾ പ്രകാരം ശാന്തി നഗർ പോലീസ് രണ്ട് അധ്യാപകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തു. കേസിൽ സ്‌കൂൾ ജീവനക്കാരുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും പോലീസ് അറിയിച്ചു.



