മനാമ: ഗൾഫ് രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് അനുബന്ധമായ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ആവശ്യപ്പെട്ടു. ഗൾഫ് സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
നിലവിൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി ഇന്ത്യൻ കുടുംബങ്ങൾക്ക് സംസ്ഥാന സിലബസിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. കുറഞ്ഞ സമയത്തേക്ക് പ്രവാസലോകത്തേക്ക് മാറി താമസിക്കുന്ന കുടുംബങ്ങൾക്ക് ഇത് സഹായകരമാകും. പ്രവാസ ലോകത്തേക്ക് കടന്നു വരുന്ന കുടുംബങ്ങൾക്ക് കേരള സിലബസിൽ പഠനം തുടരാനും ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പ് വരുത്താനും ഇത് സഹായകരമാകും. മറ്റു സിലബസുകളിലെ പഠനം ഈ തുടർച്ചക്ക് വെല്ലുവിളി സൃഷ്ടിക്കാറുണ്ട്,
കേരള സർക്കാരിൻറെ നേതൃത്വത്തിലോ അനുബന്ധ സ്ഥാപനങ്ങൾ വഴിയോ മറ്റോ ഇത്തരം സ്കൂളുകൾ സ്ഥാപിക്കുന്നത് സാമ്പത്തികമായി താങ്ങാവുന്നതും സാംസ്കാരികമായി പ്രസക്തവുമായ വിദ്യാഭ്യാസം നൽകാനും സ്ഥാപിക്കും. പ്രവാസികളും കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സംസ്ഥാന സിലബസ് അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കാനും സഹായകരമാവുമെന്ന് ഐസിഎഫ് അഭിപ്രയപെട്ടു.
ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി വിദേശമന്ത്രാലയുമായും അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയുമായും ചർച്ചകൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈ എടുക്കണമെന്ന് ഐസിഎഫ് ഇന്റർനാഷണൽ കമ്മിറ്റി അഭ്യർഥിച്ചു. സാധ്യമായ സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും സമൂഹത്തിന്റെ പിന്തുണ തേടുന്നതിനും പ്രാദേശിക പങ്കാളിത്തം സുഗമമാക്കുന്നതിനും ഐസിഎഫ് സഹകരിക്കുമെന്നും നിവേദനത്തിൽ അറിയിച്ചു. .
ബഹ്റൈനിൽ നടന്ന പ്രവാസി മലയാളി സംഗമത്തിൽ ഐസിഎഫിനെ പ്രതിനിധീകരിച്ച് ഇന്റർനാഷനൽ കൗൺസിൽ വൈസ് പ്രസിഡൻറ് അഡ്വ. എംസി അബ്ദുൽ കരീം, ബഹ്റൈൻ നാഷണൽ പ്രസിഡൻറ് അബൂബക്കർ ലത്തീഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.



