റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്‌കൂൾ വാർഷിക കായികമേള ‘അത്ലിറ്റ്സ്മോസി’ന് പ്രൗഢമായ സമാപനം. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ ഗ്രൂപ്പുകളിലായി അമ്പതോളം മത്സരയിനങ്ങളിൽ ആയിരത്തിനാനൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. ‘അത്ലിറ്റ്സ്മോസ് 25’ സക്‌സസ് ഇൻ്റർനാഷണൽ സ്‌കൂൾ മാനേജിംഗ് ഡയറക്‌ടർ ഡോ. സയ്യിദ് മസൂദ് ഉദ്ഘാടനം ചെയ്‌തു.
ട്രാക്കിന മത്സരങ്ങൾക്ക് പുറമെ വടം വലി, ഹാൻ്റ്ബോൾ ഡോഡ്ജ്ബോൾ, ഖോഖോ, കബഡി ഉൾപ്പെടെ നിരവധി മത്സരങ്ങൾ നടന്നു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിദ്യാർഥികൾ വാശിയേറിയ പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന കായിക മാമാങ്കത്തിൽ ബോയ്‌സ് വിഭാഗത്തിൽ ബീറ്റ, ഡെൽറ്റ, ഗാമ ഹൗസുകളും ഗേൾസ് വിഭാഗത്തിൽ ആൽഫ, ഗാമ, ഡെൽറ്റ ഹൗസുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ബോയ്‌സ് വിഭാഗത്തിൽ അര്‍സലാൻ അജ്‌മീർ ഷാ (സബ് ജൂനിയർ,ബീറ്റ), മുഹമ്മദ് ഖോജ (ജൂനിയർ, ഡെൽറ്റ), ഹംസ ഇസ്സത്തുള്ള (സീനിയർ, ബീറ്റ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ഗേൾസ് വിഭാഗത്തിൽ അവാമ അംന (സീനിയർ), ആഫിയ (ജൂനിയർ), ആലിയ അബ്ദുൽ സമദ് (സബ് ജൂനിയർ) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.
ഫലപ്രഖ്യാപനത്തിനും വിജയികൾക്കുള്ള ട്രോഫി വിതരണത്തിനും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമദ്, പ്രിൻസിപ്പാൾ മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. അത്ലിറ്റ്സ്മോസിന് നേതൃത്വം നൽകിയ കായിക അധ്യാപകൻ ഷംസാദിനേയും അദ്ധ്യാപിക ഷബീബയേയും അലിഫ് മാനേജ്മെൻ്റ് പ്രത്യേകം അഭിനന്ദിച്ചു.
ബോയ്‌സ് സെക്ഷൻ ഹെഡ്‌മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.



