ന്യൂഡൽഹി: സംസ്ഥാനത്ത് ലഹരിക്കെതിരെ നടപ്പിലാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡൽഹിയിൽ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് പദ്ധതിയ്ക്കുള്ള കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയും സാമ്പത്തിക സഹായ വാഗ്ദാനവും ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘നശാ മുക്ത് ഭാരത്’ (ലഹരി മുക്ത ഭാരതം) പദ്ധതിയുടെ ഫണ്ടിൽ നിന്നും, തീര സംരക്ഷണത്തിനുള്ള കേന്ദ്ര വിഹിതത്തിൽ നിന്നും കേരളത്തിന് സാമ്പത്തിക സഹായം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ പദ്ധതി ആരംഭിച്ചതിന് ശേഷം കുറ്റകൃത്യങ്ങളിൽ 30 മുതൽ 35 ശതമാനം വരെ കുറവുണ്ടായതായി രമേശ് ചെന്നിത്തല കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. പോലീസിന്റെ ‘തൂഫാൻ സ്ട്രൈക്’, 30 ലക്ഷം പൊതുജനങ്ങളെ അണിനിരത്തുന്ന ‘തൂഫാൻ വാരിയേഴ്സ്’, പുനരധിവാസത്തിനായി ‘തൂഫാൻ കെയർ’ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രം ആലോചിക്കും മുൻപേ ലഹരിക്കെതിരെ ഇത്തരമൊരു മാതൃകാപരമായ മുന്നേറ്റത്തിന് തുടക്കമിട്ടതിൽ അമിത് ഷാ അഭിനന്ദനം അറിയിച്ചതായി ചെന്നിത്തല വ്യക്തമാക്കി. കൂടാതെ, സംസ്ഥാനത്ത് വനിതാ പോലീസുകാരുടെ അനുപാതം 30 ശതമാനമായി ഉയർത്താനുള്ള തീരുമാനത്തെയും കേന്ദ്രം സ്വാഗതം ചെയ്തു.
പൊലീസ് സേനയുടെ ആധുനികവൽക്കരണം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സംസ്ഥാനത്ത് കൂടുതൽ ജയിലുകൾ നിർമ്മിക്കുന്നതിനും, നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിലും പൂജപ്പുരയിൽ ഓപ്പൺ ജയിൽ പദ്ധതിയും നടപ്പിലാക്കുന്നതിനുമുള്ള ഔദ്യോഗിക അപേക്ഷകളും പദ്ധതി നിർദേശങ്ങളും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൈമാറി.



