വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ പ്രതികരണവുമായി നിയുക്ത ഹൗസ് ഡെമോക്രാറ്റിക് മെജോരിറ്റി ലീഡർ ഹക്കീം ജെഫ്രീസ്. തന്ത്രപ്രധാന സംസ്ഥാനങ്ങളിൽ നേടിയ വിജയം വെറുമൊരു ‘നീ ല തരംഗം’ (Blue Wave) മാത്രമല്ലെന്നും, അമേരിക്കയിലാകെ അലയടിച്ച വലിയൊരു ‘സുനാമി’യാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഡെമോക്രാറ്റിക് കോൺഗ്രഷണൽ ക്യാമ്പയിൻ കമ്മിറ്റിയോടൊപ്പം മാധ്യമങ്ങളെ കണ്ട അദ്ദേഹം, വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പാർട്ടി കുറഞ്ഞത് 255 സീറ്റുകൾ എങ്കിലും നേടുമെന്ന് വ്യക്തമാക്കി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചരിത്രപരമായ ഭൂരിപക്ഷമാണിതെന്നും ജെഫ്രീസ് കൂട്ടിച്ചേർത്തു.
“അമേരിക്കൻ ജനത തീവ്രവാദത്തിന് പകരമായി സാമ്പത്തിക ഭദ്രതയെയും, വെറുപ്പിന് പകരം പ്രതീക്ഷയെയും, അഴിമതിക്കും അരാജകത്വത്തിനും ക്രൂരതയ്ക്കുമെതിരെ വിവേകത്തെയും തിരഞ്ഞെടുത്തു,” അദ്ദേഹം പറഞ്ഞു. പ്രധാന സംസ്ഥാനങ്ങളിൽ പാർട്ടിയുടെ വലിയ മുന്നേറ്റത്തിന് കാരണക്കാരായ സ്ഥാനാർത്ഥികളെ പ്രശംസിച്ച ജെഫ്രീസ്, ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ജീവിക്കാൻ കഴിയുന്ന സാമ്പത്തിക ഭദ്രതയുള്ള അമേരിക്കയ്ക്കായി തന്റെ പാർട്ടി ശക്തമായി പോരാടുമെന്ന് ഉറപ്പുനൽകി.



