ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം ഉഗ്രസ്ഫോടനമുണ്ടായതായി റിപ്പോർട്ട്. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പർ ഒന്നിന് സമീപം പാർക്ക് ചെയ്‌തിരുന്ന ഒരു കാറിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം.
ഈ സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈകുന്നേരം ഏകദേശം 6.30 ഓടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ഡൽഹി ഫയർ സർവീസ് അഞ്ച് യൂണിറ്റുകളുമായി സ്ഥലത്തെത്തി.
നിലവിൽ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. സ്ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.



