ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ക്യാമ്പ് ഏകോപിപ്പിച്ചത്. പ്രവാസി സമൂഹം തങ്ങൾ വസിക്കുന്ന രാജ്യത്തോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ സേവന പ്രവർത്തനം നടത്തിയത്. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സൈഫുദ്ധീൻ വാഴയിലിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി ഒ.ഐ.സി.സി ഭാരവാഹികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്ത് രക്തം ദാനം ചെയ്തു.
രക്തദാനം ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണെന്നും, അടിയന്തര ഘട്ടങ്ങളിൽ രോഗികളുടെ ജീവൻ രക്ഷിക്കാൻ ഓരോ ദാതാവിന്റെയും നിർണായക പങ്കാളിത്തം ഉപകരിക്കുമെന്നും സൈഫുദ്ധീൻ വാഴയിൽ ചൂണ്ടിക്കാട്ടി. പ്രവാസികൾ ജീവിക്കുന്ന രാജ്യത്തിന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടത് കടമയാണെന്നും ഇത്തരം സംരംഭങ്ങളിലൂടെ സൗദി സമൂഹവുമായുള്ള സൗഹൃദവും സഹോദര്യവും കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ദിനത്തിന്റെ പ്രധാന സന്ദേശങ്ങളായ ഐക്യം, സഹോദര്യം, പരസ്പര സഹകരണം എന്നിവ മുറുകെ പിടിച്ചാണ് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയതെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ രക്തദാതാക്കൾക്കും ആശുപത്രി അധികൃതർക്കും നന്ദി രേഖപ്പെടുത്തി. പ്രത്യേകിച്ച്, ബ്ലഡ് ബാങ്ക് വിഭാഗം ജീവനക്കാരായ ഡോ. അഹമ്മദ് അബ്ദുള്ള അൽ മാലിക്കി, അഹമ്മദ് അൽ അബ്ദലി, ഉമർ അസീരി എന്നിവരുടെ സേവനങ്ങളെ ഭാരവാഹികൾ അഭിനന്ദിച്ചു. വരും ദിവസങ്ങളിലും പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ സന്നദ്ധ സേവനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഒ.ഐ.സി.സി നേതൃത്വം അറിയിച്ചു.



