മസ്‌കത്ത്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന ‘എം.വി കേപ് ഡാവോ’ (MV Cape Dao) എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ബുധനാഴ്ച ദുരന്തവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരിൽ ബാക്കിയുള്ള 18 പേരും നിലവിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ച കപ്പലിന് നേരെ ഒമാൻ തീരത്തിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. കപ്പലിലെ മറ്റ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ ഭരണകൂടവുമായും റോയൽ നേവിയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാഹചര്യം സുരക്ഷാ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ദുരന്തത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ എംബസി, കൊല്ലപ്പെട്ട ജീവനക്കാരന്റെ കുടുംബത്തിന്റെ ആഴത്തിലുള്ള വേദനയിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
മരണപ്പെട്ടയാളുടെ കുടുംബവുമായി വിദേശകാര്യ മന്ത്രാലയം ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. കപ്പൽ ജീവനക്കാരുടെ ഏജൻസിയായ ആർ.പി.എസ്.എൽ (RPSL) അധികൃതരുമായി സഹകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും, മറ്റ് ജീവനക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവിനും ആവശ്യമായ തുടർനടപടികൾ ദ്രുതഗതിയിൽ ഏകോപിപ്പിച്ചു വരികയാണെന്നും എംബസി വൃത്തങ്ങൾ വ്യക്തമാക്കി.



