മതപരിവർത്തന നിരോധന നിയമം; രാജസ്ഥാനിൽ മലയാളി പാസ്റ്റർക്കെതിരെ കേസ്

ജയ്‌പൂർ : മതപരിവർത്തനം നിയന്ത്രിക്കുന്നതിനായി രാജസ്ഥാൻ സർക്കാർ അടുത്തിടെ കൊണ്ടുവന്ന ‘രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2025’ പ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കോട്ടയിലെ ബീർഷെബ പള്ളിയിൽ നവംബർ 4 മുതൽ 6 വരെ നടന്ന ‘ആത്മീയ സത്സംഗ്’ എന്ന പരിപാടി മതപരിവർത്തനത്തിന് വേണ്ടിയായിരുന്നുവെന്ന് ആരോപിച്ചാണ് നടപടി.

ന്യൂഡൽഹിയിൽ നിന്നുള്ള പ്രമുഖ ക്രൈസ്‌തവ ആത്മീയ പ്രഭാഷകനായ മലയാളി പാസ്റ്റർ ചാണ്ടി വർഗീസ്, കോട്ടയിൽ നിന്നുള്ള അരുൺ ജോൺ എന്നിവർക്കെതിരെയാണ് തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ എന്നിവയുടെ പ്രാദേശിക ഭാരവാഹികളുടെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌തത്‌.

ഹിന്ദു സമുദായത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നും, രാജസ്ഥാൻ സർക്കാരിനെ ‘പിശാചിന്റെ രാജ്യം’ എന്ന് വിശേഷിപ്പിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. ചിലർ ക്രിസ്‌തുമതം സ്വീകരിച്ചതായി വേദിയിൽ പ്രഖ്യാപിച്ചതും മറ്റുള്ളവരെ മതപരിവർത്തനത്തിന് ക്ഷണിച്ചതും പരാതിയിലുണ്ട്.

ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 299, പുതിയ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3, 5 എന്നിവ പ്രകാരമാണ് കേസ്. ഈ നിയമപ്രകാരം കുറ്റക്കാർക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ വരെ പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ, ‘പൂർവ്വിക മതത്തിലേക്ക്’ തിരിച്ചുപോകുന്നവർക്ക് നിയമത്തിൽ ഇളവുണ്ട്. ഈ നിയമത്തിൻ്റെ സാധുത ചോദ്യം ചെയ്‌ത്‌ ജയ്‌പൂർ കാത്തലിക് വെൽഫെയർ സൊസൈറ്റി നൽകിയ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നു..

 

Related Articles

- Advertisement -spot_img

Latest Articles