മദീന: മദീനയിൽ മരണപ്പെട്ട ഉംറ തീർഥാടകരുടെ ജനാസ ഇന്ന് ഖബറടക്കും. തെലുങ്കാന സ്വദേശികളായ മുഴുവൻ തീർഥാടകരുടെയും ബസ് ഡ്രൈവറായിരുന്ന സുഡാൻ സ്വദേശിയുടെയും ജനാസയാണ് ഇന്ന് ളുഹർ നിസ്‌കാരത്തിന് ശേഷം മദീന പള്ളിയിൽ നിസ്‌കരിച്ചു ജന്നത്തുൽ ബഖീഇൽ ഖബറടക്കും. മദീന ഇമാം ഷെയ്ഖ് അബ്ദുൽ ബാരി അൽ ദുബൈത്തി നിസ്‌കാരത്തിന് നേതൃത്വം നൽകും.
നവംബർ 16 ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഉംറ നിർവഹിച്ച് മദീനയിലേക്ക് സന്ദർശനത്തിന് വരുന്ന ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമരുകയായിരുന്നു. മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്ത് സൗദി സമയം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
ബസ്സിൽ മുഴുവനും തെലുങ്കാന സ്വദേശികളായിരുന്നു ഉണ്ടായിരുന്നത്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് തൽക്ഷണം തീപിടിക്കുകയായിരുന്നു. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണ് ഉൾപ്പെടുന്നത്.
മരണാനുബന്ധ പ്രവർത്തനകൾ ഏകോപിപ്പിക്കുവാൻ തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി അസ്ഹറുദ്ധീൻറെ നേതൃത്വത്തിൽ ഔദ്യോഗിക സംഘം മദീനയിൽ എത്തിയിരുന്നു. അപകടത്തിൽ മരണപെട്ടവർ ക്കാവശ്യമായ സഹായ സഹകരണങ്ങളുമായി കെഎംസിസി, ഐസിഎഫ്, കെസിഎഫ് തുടങ്ങി സാമൂഹ്യ സംഘടനകളും രംഗത്തുണ്ടായിരുന്നു.



