കൊല്ലം: ശബരിമല ശ്രീകോവിലിൻ്റെ കട്ടിലപ്പടിയിലെ സ്വർണ്ണം കവർന്ന കേസിലെ എട്ടാം പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
കൂട്ടായി എടുത്ത തീരുമാനങ്ങളിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് പത്മകുമാർ ജാമ്യാപേക്ഷയിൽ പ്രധാനമായും ഉന്നയിക്കുന്നത്. സ്വർണ്ണം പൂശിയ കട്ടിളപ്പാളികൾ കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതും മിനുട്‌സിൽ ‘ചെമ്പ്’ എന്ന് എഴുതിയതും ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്നും അദ്ദേഹം വാദിക്കുന്നു.
ബോർഡിലെ മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിൻ്റെ ജാമ്യഹരജി. വീഴ്ച സംഭവിച്ചെങ്കിൽ എല്ലാവർക്കും ഒരുപോലെ ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേസിൽ നേരത്തെ അറസ്റ്റിലായവരുടെ മൊഴികൾ പത്മകുമാറിന് എതിരാണെന്നാണ് വിവരം.
ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മിഷണറും പ്രസിഡൻ്റുമായിരുന്ന എൻ. വാസു എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായ മറ്റ് പ്രമുഖർ.



