കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വർഗീയവാദികളാണെന്നും അവരെ ശുദ്ധീകരിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി ഒരു ‘തങ്കക്കുടം’ ആണെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജമാഅത്തെ ഇസ്ലാമി എന്നും വർഗീയ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അതിൽ നിന്ന് അവർ ഒരണുവിടപോലും മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുമ്പ് താൻ ഉൾപ്പെടെയുള്ളവർ ജമാഅത്ത് നേതാക്കളുമായി ചർച്ചകൾ നടത്തിയത് അവർ വർഗീയവാദികൾ ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്.
എന്നാൽ, നിലവിൽ ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന യുഡിഎഫ് നേതൃത്വം, അവർ എങ്ങനെയാണ് മാറിയതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുഡിഎഫ് ഇക്കാര്യം വ്യക്തമാക്കുമ്പോൾ മുസ്ലിം സമൂഹത്തിലെ ബഹുഭൂരിഭാഗം ആളുകൾക്ക് അവരുടെ യഥാർത്ഥ നിലപാട് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



