കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ച് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ കർശന നടപടി. പ്രതികൾക്ക് വഴിവിട്ട രീതിയിൽ പരോൾ നൽകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ജയിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി പ്രതികൾ പുറത്തിറങ്ങുന്നത് ഗൗരവകരമായ കാര്യമാണെന്നും, പരോൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ സ്വാധീനമുണ്ടോ എന്ന് കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതികളായ പി.കെ. കുഞ്ഞനന്തൻ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ച പരോളുകളുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് കോടതിയുടെ നിർദ്ദേശം.
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണ്ണായക ഉത്തരവ്. ശിക്ഷിക്കപ്പെട്ട പ്രതികൾ ജയിലിൽ കഴിയുന്നതിനേക്കാൾ കൂടുതൽ സമയം പരോളിൽ പുറത്താണെന്ന ആക്ഷേപം കോടതി ഗൗരവത്തോടെയാണ് കണ്ടത്. ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി, പരോൾ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി



