താമരശ്ശേരി: കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന (34) ആണ് മരിച്ചത്. എട്ടുമാസമായി ഹസ്നയ്‌ക്കൊപ്പം താമസിച്ചിരുന്ന പങ്കാളി ആദിലിന്റെ പെരുമാറ്റത്തിലും മരണസാഹചര്യത്തിലും സംശയമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ രാവിലെ പത്ത് മണിയായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ആദിൽ ഫ്ലാറ്റ് ഉടമയെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഹസ്നയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, കാലുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും കഴുത്തിന് പിന്നിൽ മുറിവുകളുണ്ടായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
അടച്ചിട്ട വാതിൽ ചെറുതായി തള്ളിയപ്പോൾ തന്നെ തുറന്നതായും, ഹസ്ന മരിച്ചു കിടക്കുമ്പോഴും ആദിൽ യാതൊരു വിഷമവുമില്ലാതെ സന്തോഷവാനായാണ് കാണപ്പെട്ടതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. രാത്രികാലങ്ങളിൽ ഈ അപ്പാർട്ട്മെന്റിലേക്ക് നിരവധി വാഹനങ്ങൾ എത്തിയിരുന്നതായും വിവരമുണ്ട്. ആദിലിന്റെ കുടുംബപശ്ചാത്തലവും നാട്ടുകാരിൽ ആശങ്കയുണർത്തുന്നുണ്ട്. ഈങ്ങാപ്പുഴയിൽ സ്വന്തം മാതാവിനെ വെട്ടിക്കൊന്ന ആഷിഖിന്റെ മാതൃസഹോദരീ പുത്രനാണ് ആദിൽ. മാത്രമല്ല, ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയ യാസിർ ഇവരുടെ സുഹൃത്തുമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.



