റിയാദ് നോർത്ത് പ്രവാസി സാഹിത്യോത്സവ് നാളെ

റിയാദ്: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന് റിയാദിൽ അരങ്ങുണരുന്നു. ആർ.എസ്.സി റിയാദ് നോർത്ത് സോൺ സാഹിത്യോത്സവ് മത്സരങ്ങൾ നാളെ (ജനുവരി രണ്ട് വെള്ളിയാഴ്ച) രാവിലെ ഒൻപത് മണി മുതൽ അൽ നൂർ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കും. പ്രവാസി വിദ്യാർത്ഥികൾക്കിടയിലെയും യുവജനങ്ങൾക്കിടയിലെയും സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ഈ കലോത്സവം പ്രവാസലോകത്തെ ശ്രദ്ധേയമായ സാംസ്കാരിക ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.

വിവിധങ്ങളായ മുപ്പത്തിനാല് യൂണിറ്റ് മത്സരങ്ങളും എട്ട് സെക്ടർ മത്സരങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സോൺ തലത്തിലുള്ള പോരാട്ടങ്ങൾക്കായി പ്രതിഭകൾ നാളെ ഒത്തുചേരുന്നത്. പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ അഞ്ച് വിഭാഗങ്ങളിലായി നൂതനമായ 71 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇരുന്നൂറിലധികം മത്സരാർത്ഥികൾ തങ്ങളുടെ കലാപരവും സാഹിത്യപരവുമായ മികവ് തെളിയിക്കാൻ വേദികളിലെത്തും. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, നശീദ, കാലിഗ്രാഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ് – സ്റ്റേജിതര മത്സരങ്ങൾക്കായി അൽ നൂർ സ്കൂളിൽ മൂന്ന് പ്രത്യേക വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്.

റിയാദിലെ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രൗഢമാകുന്ന ഈ സാഹിത്യോത്സവം നോർത്ത് മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക ഒത്തുചേരലായി മാറും. പ്രതിഭകളെയും കലാലോകത്തെ സ്നേഹിക്കുന്ന പ്രവാസികളെയും സ്വീകരിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ ചെയർമാനും ബഷീർ മാസ്റ്റർ നാദാപുരം ജനറൽ കൺവീനറുമായ 84 അംഗ സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അഷ്റഫ് സഅദി, നിയാസ് മമ്പ്ര എന്നിവരുടെ മേൽനോട്ടത്തിൽ വിവിധ സബ് കമ്മിറ്റികൾ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

 

 

 

Related Articles

- Advertisement -spot_img

Latest Articles