തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു വിധത്തിലും ഇടപെടാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെ ചോദ്യം ചെയ്യണം, ആരിൽ നിന്ന് മൊഴിയെടുക്കണം എന്നതൊക്കെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം എസ്.ഐ.ടിക്കാണെന്നും ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതിൽ ആർക്കും പരാതികളില്ലെന്നും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിന്റെ പേര് പരാമർശിക്കപ്പെടുന്നതിനെ ക്കുറിച്ച് പ്രതികരിക്കവെ, ഇത്തരം തട്ടിപ്പുകാർക്ക് എങ്ങനെയാണ് സോണിയ ഗാന്ധിയെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ അടുത്തേക്ക് എത്താൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ പരിഭവങ്ങൾ അസ്ഥാനത്താണെന്നും അന്വേഷണം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എ. പദ്മകുമാറിനെതിരെയുള്ള നടപടി വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മുഖ്യമന്ത്രി എന്ന നിലയിൽ മറുപടി പറയേണ്ട വിഷയമല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.



