മോസ്കോ/കാരക്കാസ്: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് റഷ്യൻ പതാക വഹിച്ച ‘മാരിനേര’ എന്ന എണ്ണക്കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതിനെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സംഘർഷം മുറുകുന്നു. അമേരിക്കയുടെ ഈ നടപടി സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും വെറും ‘കടൽക്കൊള്ള’യുമാണെന്ന് റഷ്യയും വെനസ്വേലയും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. റഷ്യൻ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ഇതിന് തക്കതായ മറുപടി നൽകുമെന്നും മോസ്കോ മുന്നറിയിപ്പ് നൽകി. വെനസ്വേലയിൽ നിന്നുള്ള എണ്ണ ഉപരോധം മറികടന്ന് കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുഎസ് കോസ്റ്റ് ഗാർഡ് കപ്പൽ പിടിച്ചെടുത്തത്.
അമേരിക്കയുടെ ഈ ഗുണ്ടായിസം ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെനസ്വേലയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രതികരിച്ചു. സ്വതന്ത്രമായി വ്യാപാരം നടത്തുന്ന കപ്പലുകളെ ‘ഷാഡോ ഫ്ലീറ്റ്’ എന്ന് മുദ്രകുത്തി തടയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെത്തുടർന്ന് ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. സമുദ്ര വ്യാപാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയുയർത്തുന്ന അമേരിക്കൻ നീക്കം വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.



