കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസിലും തലവൻ പ്രതീക് ജെയിനിന്റെ വസതിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് തെരുവിലിറങ്ങി. കൊൽക്കത്തയിലെ ജാദവ്പൂരിൽ നടന്ന കൂറ്റൻ പ്രതിഷേധ റാലിയിൽ മമതയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്തു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ആഭ്യന്തര രേഖകളും ചോർത്താനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. റെയ്ഡ് നടക്കുന്നതിനിടെ ഐ-പാക് ഓഫീസിലെത്തിയ മമത ഉദ്യോഗസ്ഥരെ നേരിട്ട് വെല്ലുവിളിക്കുകയും പിടിച്ചെടുത്ത ചില ഫയലുകൾ തിരികെ വാങ്ങുകയും ചെയ്തത് വലിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.
അതേസമയം, ഇ.ഡി നടപടിക്കെതിരെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച തൃണമൂൽ എം.പിമാരായ മഹുവ മൊയ്ത്ര, ഡെറിക് ഒബ്രിയാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എം.പിമാരെ പോലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത്തരം റെയ്ഡുകൾ നടക്കുന്നതെന്ന് ടി.എം.സി ആരോപിച്ചു. പശ്ചിമ ബംഗാളിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും, ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും മമത ബാനർജി പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രവും ബംഗാൾ സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.



