ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് അമേരിക്ക

തെഹ്‌റാൻ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം യുദ്ധഭീതിയിലേക്ക് നീങ്ങുന്നു. ഇറാനിൽ പ്രക്ഷോഭകർക്കെതിരെ വധശിക്ഷ നടപ്പാക്കിയാൽ സൈനികമായി ഇടപെടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് സ്ഥിതിഗതികൾ വഷളായത്. അമേരിക്ക ആക്രമിക്കാൻ മുതിർന്നാൽ സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു. ഇക്കാര്യം ഇറാൻ ഔദ്യോഗികമായിത്തന്നെ അയൽരാജ്യങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ട്.

സംഘർഷസാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദിൽ നിന്ന് പ്രധാന ഉദ്യോഗസ്ഥരെ അമേരിക്ക സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബ്രിട്ടനും തങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭകാരികളെ വധിക്കുന്നത് തുടർന്നാൽ യുഎസ് സൈന്യത്തിന്റെ സഹായം ഉടൻ എത്തും എന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇറാനെ പ്രകോപിപ്പിച്ചത്. അമേരിക്കയ്ക്ക് യുദ്ധം വേണമെങ്കിൽ തങ്ങൾ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. തങ്ങളുടെ മണ്ണിലെ യുഎസ് സാന്നിധ്യം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles