വയനാട്: വയനാട് പുൽപ്പള്ളിയിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ അയൽവാസിയുടെ ക്രൂരമായ ആസിഡ് ആക്രമണം. മരക്കടവ് പ്രിയദർശിനി ഉന്നതി കോളനിയിലെ 14 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ രാജുവിനെ (53) പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും ശരീരത്തിലും ഏകദേശം 40 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ.
പെൺകുട്ടി അംഗമായ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ (SPC) യൂണിഫോം ചോദിച്ചപ്പോൾ നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് സംശയിക്കുന്നു. യൂണിഫോം നൽകാൻ പെൺകുട്ടി വിസമ്മതിച്ചതിനെത്തുടർന്ന് രാജുവും കുട്ടിയുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കുട്ടി വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് രാജു ആസിഡ് ഒഴിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ശനിയാഴ്ച പുലർച്ചെയോടെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



