കൽപ്പറ്റ: അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച കേസിൽ മദ്യം പിടികൂടിയ വാഴവറ്റയിലെ വീട് റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിന്റേതാണെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ എക്സൈസിന് ലഭിച്ചു. വീട് തന്റേതല്ലെന്ന ആന്റോയുടെ മുൻവാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന പഞ്ചായത്ത് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് എക്സൈസിന്റെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർക്കാനും അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ റിമാൻഡിലുള്ള ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് കസ്റ്റഡിയിൽ വാങ്ങിയ ഇയാളെ മദ്യം പിടികൂടിയ വാഴവറ്റയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപുറമെ, വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും എക്സൈസ് ഊർജ്ജിതമായി തുടരുകയാണ്.



