ഓടുന്ന തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ അപകടം: മദ്രസാ അധ്യാപകന് ദാരുണാന്ത്യം

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ് യുവാവ് മരിച്ചു. പാലക്കാട് പിരിയാരി പള്ളിക്കുളം പൂച്ചിങ്ങൽ വീട്ടിൽ പി.യു. മുഹമ്മദ് ഷുഹൈബ് (32) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം.

പാലക്കാട്ടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഷുഹൈബ്. വണ്ടി തൃശൂരിൽ എത്തിയപ്പോൾ ചായ വാങ്ങാനായി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. തുടർന്ന് ട്രെയിൻ എടുത്തു തുടങ്ങിയതോടെ ഇരു കൈകളിലും ചായക്കപ്പുകളുമായി ഓടിപ്പിടിച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽവഴുതി അപകടകരമായ രീതിയിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഹനഫി ജുമാ മസ്ജിദ് മദ്രസയിലെ അധ്യാപകനാണ് മരണപ്പെട്ട ഷുഹൈബ്. അപകടത്തെ തുടർന്ന് റെയിൽവേ പോലീസും ആർ.പി.എഫും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

- Advertisement -spot_img

Latest Articles