ഈരാറ്റുപേട്ടയിൽ കനത്ത മഴയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ: തമിഴ്‌നാട് സ്വദേശിനിയും മുതിർന്ന പൗരനും മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ ശക്തമായ മഴയെത്തുടർന്ന് രണ്ടിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട-വാഗമൺ റോഡിലും പൂഞ്ഞാർ തെക്കേക്കരയിലുമാണ് അപകടങ്ങൾ നടന്നത്.

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയ്ക്ക് സമീപം വേലത്തുശ്ശേരിയിൽ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് റോഡരികിലെ സംരക്ഷണഭിത്തിയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ചെന്നൈ ജവഹർ നഗർ സ്വദേശിനിയായ സംഗീതയാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു അപകടത്തിൽ പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞു വീണ് വയോധികൻ മരിച്ചു. ഉറവപ്ലാവ് സ്വദേശി ജോസഫ് (80) ആണ് മരിച്ചത്. അപകടസമയത്ത് ജോസഫിനെക്കൂടാതെ മൂന്നുപേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ മണ്ണിനടിയിൽ കുടുങ്ങിപ്പോയ ജോസഫിനായുള്ള തിരച്ചിലൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. പ്രദേശത്ത് ഫയർഫോഴ്‌സും പോലീസും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

ഇന്നലെ ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ, അദ്ദേഹത്തിന്റെ സഹോദരി ചിന്നു എന്നിവരായിരുന്നു മരിച്ചത്. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വീടിനോട് ചേർന്നുള്ള ഷെഡിന് മുകളിലേക്ക് കനത്ത മണ്ണും പാറകളും ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവസമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. പരുക്കേറ്റയാൾ ചികിത്സയിലാണ്.

Related Articles

- Advertisement -spot_img

Latest Articles