24 C
Saudi Arabia
Tuesday, April 14, 2026
spot_img

സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തിൽ പ്രതിഷേധം; ചികിത്സാ വീഴ്ചയുടെ നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്വിഗ്ഗി ജീവനക്കാരനായ ബിസ്മീർ ചികിത്സ ലഭിക്കാതെ മരിച്ചെന്ന ആരോപണത്തിൽ ആശുപത്രി അധികൃതരെ പ്രതിക്കൂട്ടിലാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജനുവരി 19ന് പുലർച്ചെ ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലാണ് ബിസ്മീറിനെ ഭാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രോഗിയെ എത്തിച്ചിട്ടും ആശുപത്രിയുടെ ഗ്രിൽ തുറക്കാനോ പ്രാഥമിക ചികിത്സ നൽകാനോ ഡോക്ടർമാരോ നഴ്സുമാരോ തയ്യാറായില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബിസ്മീർ ഇരിക്കാൻ പോലും കഴിയാതെ ഗ്രില്ലിന് പുറത്ത് അവശനായി നിൽക്കുന്നതും സഹായത്തിനായി ഭാര്യ ഓടിനടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആശുപത്രിയിൽ നിന്ന് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ബിസ്മീറിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് 20 മിനിറ്റ് മുൻപേ മരണം സംഭവിച്ചതായാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത്. പട്ടി കയറാതിരിക്കാനാണ് ഗേറ്റ് പൂട്ടിയിട്ടതെന്നും ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നുമാണ് വിളപ്പിൽശാല ആശുപത്രി സൂപ്പർവൈസറുടെ വിശദീകരണം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഈ വാദങ്ങളെ തള്ളുന്നതാണ്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് ബിസ്മീറിന്റെ കുടുംബം. കൊല്ലംകോണം സ്വദേശിയായ ബിസ്മീറിന്റെ മരണം ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles