വാഷിങ്ടൺ: ആണവ കരാറിൽ ഒപ്പിടുന്നതിനായി ചർച്ചകൾക്ക് തയ്യാറാകാൻ ഇറാൻ അധികൃതർക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. ഇറാനുമായുള്ള ചർച്ചകൾക്കായി നീക്കിവെച്ചിരിക്കുന്ന സമയം അതിവേഗം അവസാനിക്കുകയാണെന്നും ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ ഇറാനിയൻ ഭരണകൂടം സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകൾ തുടരുകയാണെങ്കിൽ കൂടുതൽ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകാൻ അമേരിക്ക ഒരിക്കലും അനുവദിക്കില്ലെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനം അദ്ദേഹം ഈ സന്ദർഭത്തിലും അടിവരയിട്ടു പറഞ്ഞു.
ഇറാൻ സർക്കാരിന് തങ്ങളുടെ നിലപാട് മാറ്റാൻ ഇപ്പോൾ ഒരു അവസരമുണ്ടെന്നും എന്നാൽ ഇത് അവസാന അവസരമായിരിക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു. നിലവിലെ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ നിന്ന് ഇറാനെ രക്ഷിക്കാനും സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കാനും മികച്ചൊരു കരാർ ആവശ്യമാണെന്നാണ് യുഎസ് നിലപാട്. എന്നാൽ, വാഷിംഗ്ടൺ നിശ്ചയിക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുമോ എന്നതാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. മേഖലയിൽ സമാധാനം നിലനിർത്താൻ നയതന്ത്ര ചർച്ചകളാണ് ആഗ്രഹിക്കുന്നതെങ്കിലും ഇറാൻ പ്രകോപനം തുടരുകയാണെങ്കിൽ എല്ലാ ഓപ്ഷനുകളും മുന്നിലുണ്ടെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.



