തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 4,88,910 കോടി രൂപയായി ഉയർന്നുവെന്നാണ് 2026-ലെ ബജറ്റ് രേഖകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 4,35,314 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട് വർധിച്ച കടം 53596 കോടി രൂപ. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 35 ശതമാനത്തോളം കടബാധ്യതയാണെന്നത് വരും വർഷങ്ങളിൽ കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റിന് വലിയ വെല്ലുവിളിയാകും.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടമെടുപ്പ് പരിധിയും സാമ്പത്തിക നിയന്ത്രണങ്ങളും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. ശമ്പളം, പെൻഷൻ, പലിശ തിരിച്ചടവ് എന്നിവക്കായി മാത്രം വലിയൊരു തുക മാറ്റി വെക്കേണ്ടി വരുന്നത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. എന്നാൽ, കടമെടുക്കുന്നത് വികസന പദ്ധതികൾക്കായാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഇത് നാടിന് ഗുണകരമാകുമെന്നുമാണ് സർക്കാരിന്റെ വാദം. അതേസമയം, കേരളം കടക്കെണിയിലാണെന്നും ധൂർത്തും കെടുകാര്യസ്ഥതയുമാണ് ഈ അവസ്ഥക്ക് കാരണമെന്നും ആരോപിച്ച് പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.



