15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ഗാസയിലെ വെടിനിർത്തൽ ലംഘനം; ഇസ്രായേലിനെതിരെ സൗദി ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

റിയാദ്: ഗാസയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളെ സൗദി അറേബ്യയും മറ്റ് ഏഴ് ഇസ്‌ലാമിക രാജ്യങ്ങളും കടുത്ത ഭാഷയിൽ അപലപിച്ചു. ആയിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടാനും പരിക്കേൽക്കാനും ഇടയാക്കിയ ഇസ്രായേൽ നടപടി മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്ന് രാജ്യങ്ങൾ കുറ്റപ്പെടുത്തി. ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തർ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സൗദിക്കൊപ്പം ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2803 നടപ്പിലാക്കാനും അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതിനിടെയാണ് ഇസ്രായേൽ പ്രകോപനം തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം ഗാസയിൽ നടന്ന വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 32 പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തരം ലംഘനങ്ങൾ രാഷ്ട്രീയ പ്രക്രിയക്കും മാനുഷിക സഹായ പ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.

സംഘർഷം കുറക്കാനും മേഖലയിൽ സ്ഥിരത വീണ്ടെടുക്കാനും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും വെടിനിർത്തൽ കരാറിനോട് പൂർണ്ണമായി പ്രതിജ്ഞാബദ്ധരാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി, ഫലസ്തീനികളുടെ സ്വയംനിർണ്ണയാവകാശവും സ്വതന്ത്ര രാഷ്ട്രമെന്ന പദവിയും അംഗീകരിച്ചുകൊണ്ടുള്ള ശാശ്വതമായ സമാധാനമാണ് പരിഹാരമെന്നും മന്ത്രിമാർ ആവർത്തിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles